St. Mary’s High School, Chellanam

Address: Chellanam, Cochin – 682008

Phone: 0484-2249970

Email: smhs26002@gmail.com

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ചെല്ലാനമെന്ന കടലോരഗ്രാമത്തിൽ കൊച്ചിരൂപതിയിലെ സെന്റ് സെബാസ്റ്റിയൻ ഇടവകയോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് സെന്റ് മേരിസ് ഹൈസ്കൂൾ. കൊച്ചിതാലൂക്കിൽ പള്ളുരുത്തി ബ്ലോക്കിൽ ചെല്ലാനം പഞ്ചായത്ത്- പത്തൊൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 22 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 5 മുതൽ 10 വരെ ക്ലാസുകളിലായി 491 വിദ്യാർത്ഥികളും വിദ്യ അഭ്യസിക്കുന്നു.

ചരിത്രത്തിലേക്ക്

കൊച്ചിമഹാരാജാവിന്റെ നാവിക സേനാമേധാവിയായിരുന്ന തോബിയാസ് കപ്പിത്താന് ഒരു യുദ്ധത്തിലെ വിജയത്തിന് സമ്മാനമായി ലഭിച്ചതാണ് ചെല്ലാവനം എന്ന പ്രദേശം.തികച്ചും വന നിബിഢമായതിനാൽ ജനവാസമില്ലാതിരുന്ന സ്ഥലമായതുകൊണ്ടാണ് ഈ പ്രദേശത്തിന് ചെല്ലാവനം എന്ന പേരു ലഭിച്ചത്.ക്രമേണ ചെല്ലാവനം എന്ന പേര് ലോപിച്ച് ചെല്ലാനം എന്നായിമാറി.

തോബിയാസ് കപ്പിത്താന്റെ 4 ആൺമക്കൾ 4 ശാഖകളായി തിരിഞ്ഞ് ആലുങ്കൽ,വലിയപറമ്പ്, കളത്തിങ്കൽ, കുരിശിങ്കൽ എന്നീ കുടുംബപേരുകളിൽ ചെല്ലാനത്ത് സ്ഥിരതാമസമാക്കി.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ പള്ളിയുടെ തെക്കുവശത്ത് ആലുങ്കൽ കുടുംബത്തോട് അനുബന്ധിച്ച് നടത്തിയിരുന്ന ഒരു കുടിപ്പള്ളിക്കൂടവും പള്ളിയുടെ വടക്കുവശത്തായി കാളിപറമ്പിൽ കുടുംബകാരണവന്മാരുടെ ശ്രദ്ധയിൽ പരിപാലിക്കപ്പെട്ട ആലോചനാമാതാവിന്റെ ഒരു കുരിശുപുരയും ഒരു നിലത്തെഴുത്ത് ശാലയും പ്രവർത്തിച്ചിരുന്നു.

കുരിശിങ്കൽ തൊമ്മൻ ബാപ്പു എന്നവ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് ഉണ്ടായിരുന്ന വണക്കമാസ പുരയുടെ സ്ഥാനത്താണ് 1823 ൽ സെന്റ് സെബാസ്റ്റിൻ പള്ളി നിർമ്മിച്ചത്.1832ൽ ഈ പള്ളി ഇടവകയായി ഉയർത്തപ്പെട്ട ശേഷം 1895ൽ അന്നത്തെ മെത്രാൻ രണ്ടു കുടിപ്പള്ളികൂടങ്ങളുടെയും നടത്തിപ്പുകാരെ വിളിച്ച് ഉണ്ടാക്കിയ ധാരണപ്രകാരം ഇവരണ്ടും ചേർന്ന് സെന്റ് സെബാസ്റ്റിൻ പള്ളിയോട് ചേർന്ന് പ്രവർത്തിക്കുന്ന സെന്റ് മേരിസ് പ്രൈമറി വിദ്യാലയം സ്ഥാപിതമായി. സെന്റ് സെബാസ്റ്റിയൻ ഇടവകയുടെ മേൽനോട്ടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ അന്നത്തെ വികാരിയായിരുന്ന റവ.ഫാ കടേപറമ്പിൽ ആയിരുന്നു.

കൊച്ചിരൂപതയുടെ പാരമ്പര്യമനുസരിച്ച് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാലയങ്ങൾക്കും അതാത് ഇടവക മദ്ധ്യസ്ഥരുടെ പേരാണ് നൽകുക. എന്നൽ ഇടവക മദ്ധ്യസ്ഥനായ സെന്റ് സെബാസ്റ്റിയനു പകരം സെന്റ് മേരിസ് എന്ന് നാമകരണം ചെയ്തത് കാളിപറമ്പുകാരുടെ കുരിശുപുരയിലെ പ്രതിഷ്ഠയായ ആലോചനാമാതാവിനോടുള്ള വൈകാരിക ബന്ധം മൂലമാണ്

10 വർഷങ്ങൾക്കു ശേഷം മറുവക്കാട്ടിൽ ഈ സ്കൂളിന്റെ ഒരു ശാഖ ആരംഭിച്ചു. 1924ൽ ഈ വിദ്യാലയം യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അന്ന് റവ. ഫാ.ജോർജ് ഹെർഡർ ആയിരുന്നു ഇടവക വികാരിയും സ്കൂൾ മാനേജറും. ശേഷം റവ. മോൺ. ജേക്കബ് കണ്ണങ്കേരി ഇടവകവികാരിയും സ്കൂൾ മാനേജരും ആയിരിക്കേ 1948 ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ റാഫേൽ ടി ആർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ ഹെഡ്മാസ്റ്റർ. .1951 ൽ എസ് എസ് എൽസി പരീക്ഷാസെന്ററിനുള്ള അനുമതി നേടിയെടുത്തത് ഈ സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി..തുടർന്ന് ഫാ.ജോർജ് വള്ളോംതയ്യിൽ, ഫാ.സെബാസ്റ്റിൻ വലിയവീട്ടിൽ, ഫാ.തോമസ് പുത്തൻവീട്ടിൽ, ഫാ. വിക്ടർ ജെ മാരാപറമ്പിൽ എന്നിവർ സ്കൂൾ മാനേജർമാരായി സേവനം ചെയ്തു

പ്രഥമ ഹെഡ്മാസ്റ്ററായ ശ്രീ ടി ആർ റാഫേലിനു ശേഷം ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച ശ്രീ വി വി സെബാസ്റ്റിൻ സാറിന്റെ കാലത്താണ് ഇവിടെ NCC ആരംഭിക്കുന്നത്. തുടർന്ന് ചുമതലയേറ്റ ശ്രീ ടി ടി മൈക്കിൾ എഡ്വേർഡ് സർ ശുദ്ധജല കണക്ഷൻ, പാചകപ്പുര, ടോയ്ലറ്റ് സൗകര്യങ്ങൾ,ചുറ്റുമതിൽ,സ്കൂൾ സഹകരണസംഘം എന്നിവ സജ്ജമാക്കി.

1981ൽ അഭിവന്ദ്യ കൊച്ചിമെത്രാൻ ജോസഫ് കുരീത്തറ തിരുമേനിയുടെ പരിശ്രമഫലമായി കൊച്ചിരൂപതാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി നിലവിൽ വരികയും പ്രഥമ ജനറൽ മാനേജരായി റവ.ഫാ.ഫ്രാൻസിസ് ഫെർണാണ്ടസ് സ്ഥാനമേൽക്കുകയും ചെയ്തു.തുടർന്ന് ജനറൽ മാനേജർമായായി സ്ഥാനമേറ്റവർ റവ.ഫാ.ജോസി കണ്ടനാട്ടുതറ,റവ.ഫാ.തോമസ് പറത്തറ,റവ.ഫാ.ഫ്രാൻസിസ് കുരിശിങ്കൽ,റവ.ഫാ.സെബാസ്റ്റ്യൻ കൂട്ടുങ്കൽ ,റവ.ഫാ.ആന്റണി അഞ്ചുതൈക്കൽ എന്നിവരാണ്

കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മേൽനോട്ടത്തിൽ മുന്നോട്ട് പോയ ഈ വിദ്യാലയത്തിന്റെ രജതജൂബിലിസ്മാരകമായി 1973ൽ കിഴക്കുഭാഗത്ത് ഒരു ഹാൾ നിർമ്മിച്ചു. 1998 ൽ സുവർണ്ണ ജൂബിലിസ്മാരകമായി 36 മുറികളുള്ള 3 നില കെട്ടിടം നിർമ്മാണം ആരംഭിച്ച്.2007-08 കാലഘട്ടത്തിൽ അന്നത്തെ മാനേജറായിരുന്ന ഫാ.തോമസ് പറത്തറയുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കി. 2008-10 കാലയളവിൽ ഹൈയർസെക്കന്ററി ക്ലാസുകൾ ആരംഭിച്ചുവെങ്കിലും സർക്കാർ അംഗീകാരം നൽകാതിരുന്നതിനാൽ തുടർന്നുകൊണ്ടുപോകുവാൻ സാധിച്ചില്ല.ഫാ.ജോപ്പികൂട്ടുങ്കൽ മാനേജറായിരുന്ന കാലയളവിൽ പടിഞ്ഞാറുഭാഗത്തെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയ 6 ക്ലാസ്മുറികൾ പണികഴിപ്പിക്കുകയും കിഴക്കു ഭാഗത്തെ കെട്ടിടങ്ങൾ നവീകരിക്കുകയും ചെയ്തു.


ഉപസംഹാരം

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സർക്കാർ സർവീസ്,രാഷ്ട്രീയം,വ്യാപാരം കൃഷി എന്നീ മേഖലകളിൽ ഉന്നത പദവികളിൽ എത്തിഎന്നുള്ളത് ഏറെ അഭിമാനകരമാണ്.കിഴക്ക് കായലോരവും പടിഞ്ഞാറ് കടലോരവും കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ ഈ സുന്ദര ഗ്രാമത്തിലെ ജനങ്ങളിൽ 65% പേർക്കും മത്സ്യബന്ധനമാണ് പ്രധാന വരുമാനമാർഗ്ഗം. പൊക്കാളികൃഷി, ചെമ്മിൻകെട്ട്, നിർമ്മാണമേഖലകൾ എന്നിങ്ങനെ വിവിധതുറകളിൽ ജോലിചെയ്യുന്ന ചെല്ലാനം നിവാസികൾ കഠിനാധ്വാനികളാണ്, സുനാമി,ഓഖി പോലുള്ള പ്രകൃതിദുരന്തങ്ങളെപ്പോലും സധീരം നേരിട്ട ഇവർ ഫീനിക്സ് പക്ഷിയെപ്പോലെ ഏതൊരു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ഉയർത്തെഴുന്നേൽക്കുന്നവരാണ്.ഗതാഗതം സാധ്യമല്ലാതിരുന്ന ചെല്ലാനത്ത് വികസനത്തിന്റെ ആദ്യപടിയായി മനുഷ്യനിർമ്മിതമായ വിജയംകനാലിലൂടെ കെട്ടുവള്ളങ്ങൾ വന്നത് ഈ കഠിനാദ്ധ്വാനത്തിന്റെയും അതിജീവനത്തിന്റെയും ഉത്തമോദാഹരണമാണ്

നിഷ്കളങ്കരും കഠിനാധ്വാനികളുമായ ചെല്ലാനം നിവാസികൾക്ക് അറിവിന്റെ കെടാവിളക്കായി നിലകൊള്ളുന്ന സെന്റ് മേരീസ് ഹൈസ്കൂൾ കഴിഞ്ഞ കൂറെ വർഷങ്ങളായി എസ് എസ് എൽസി പരീക്ഷയിൽ 100%മാനത്തിന്റെ നിറവിലാണ്. നിലവിലെ മാനേജർ ഫാ.ആന്റണി അഞ്ചുതൈക്കലിന്റെ നേതൃപാടവത്തിൽ മുന്നോട്ട് നീങ്ങുന്ന ഈ വിദ്യാലയത്തിലെ ജീവനക്കാർ ഇടവക വികാരിയായ റവ.ഫാ.വർഗ്ഗീസ് ചെറുതീയീലിന്റെയും അസിസ്റ്റന്റ് വികാരി ഫാ.സെബിൻ തറേപറമ്പിലിന്റെയും ഉറച്ച പിന്തുണയോടെ സ്ഥാപനത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതിനൊപ്പം അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഈ നാടിനൊപ്പം നിലകൊള്ളുന്നു.